ആഗോളതലത്തിൽ ലിംഗപദവി സംബന്ധിച്ച പ്രത്യയശാസ്ത്ര പോരാട്ടങ്ങളും അതിരുകവിഞ്ഞ അവകാശവാദങ്ങളും പരിധികൾ ലംഘിക്കുന്ന വേളയിലാണ് കേന്ദ്രസർക്കാർ നിർണായകമായ ‘ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ-2026’ പാർലമെന്റിൽ അവതരിപ്പിച്ചത്. മാർച്ച് 24ന് ലോകസഭയിലും മാർച്ച് 25ന് രാജ്യസഭയിലും പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിനിടയിലും പാസായ പ്രസ്തുത ബില്ലിന് മാർച്ച് 31ന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നല്കിയതോടെ നിയമമായതായി കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
കേവലം ഒരു നിയമപരിഷ്കരണം എന്നതിനപ്പുറം, മനുഷ്യന്റെ ജൈവികമായ അസ്തിത്വത്തെയും സാമൂഹികനീതിയെയും കുറിച്ചുള്ള ഗൗരവതരമായ ഒരു പുനർചിന്തനത്തിന് ഈ ബിൽ വഴിയൊരുക്കുന്നു. "സ്വയം തിരിച്ചറിയൽ' (Self-identification) എന്ന അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തിൽനിന്ന് വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളിലേക്കുള്ള തിരിച്ചുപോക്ക് ഈ നിയമത്തിന്റെ ഗുണകരമായ ഒരു ഭാഗമായി വിലയിരുത്താം. എങ്കിലും പ്രസ്തുത ബില്ലിന്റെ രൂപീകരണ വേളയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ആരെയും ഉൾപ്പെടുത്തിയിരുന്നില്ല എന്ന വിമർശനം ഉയർന്നിട്ടുണ്ട്.
സുപ്രീംകോടതിയുടെ 2014ലെ നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റി വിധി ഒരാളുടെ ലിംഗപദവി എന്നത് ആ വ്യക്തിയുടെ ആത്മനിഷ്ഠമായ തീരുമാനമാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതേത്തുടർന്നാണ് 2019ൽ ആദ്യമായി ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശസംരക്ഷണ നിയമം നടപ്പിൽ വരുന്നത്. എന്നാൽ പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം, 2014ലെ വിധിയും 2019ലെ നിയമനിർമാണവും ഉയർത്തിയ പ്രായോഗിക വെല്ലുവിളികളും ദുരുപയോഗ സാധ്യതകളും പരിഗണിച്ച് ട്രാൻസ്ജെൻഡർ ലിംഗപദവിക്ക് ശാസ്ത്രീയമായ പരിശോധനകൾ അനിവാര്യമെന്ന നിലപാടിലേക്ക് ഭരണകൂടം എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ കഴിഞ്ഞ ഒരു ദശാബ്ദമായി രാജ്യം പിന്തുടർന്ന ലിംഗനീതി സങ്കൽപ്പങ്ങളിൽനിന്ന് കാതലായ മാറ്റമാണ് ഈ ഭേദഗതി മുന്നോട്ടു വയ്ക്കുന്നത്.
ആരാണ് ഒരു "ട്രാൻസ്ജെൻഡർ വ്യക്തി'?
നിയമപരിഷ്കരണത്തിലെ ഏറ്റവും പ്രധാനമായ മാറ്റം "ട്രാൻസ്ജെൻഡർ വ്യക്തി' എന്ന പദത്തിന് നൽകിയിരിക്കുന്ന നിർവചനമാണ്. ഇന്റർസെക്സ് വ്യതിയാനങ്ങൾ, ജനിതകമായ മാറ്റങ്ങൾ, ക്രോമസോം വ്യതിയാനങ്ങൾ തുടങ്ങിയ വസ്തുനിഷ്ഠമായ ശാരീരിക അവസ്ഥകളെ അടിസ്ഥാനമാക്കിയാണ് പുതിയ നിർവചനം ക്രമീകരിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ ജനനസമയത്തെ ശാരീരിക സവിശേഷതകളിലും ജൈവികമായ ക്രോമസോം ഘടനയിലും പ്രകൃത്യാ ഉണ്ടാകുന്ന മാറ്റങ്ങളാണ് വളരെച്ചെറിയ ഒരു വിഭാഗം മനുഷ്യരിൽ വൈകല്യത്തിനു കാരണമായി മാറുന്നത്. സാധാരണയായി സ്ത്രീ എന്നോ പുരുഷനെന്നോ ഉള്ള ജൈവിക തരംതിരിക്കലുകളിൽനിന്ന് വ്യത്യസ്തമായി ഹോർമോണുകളിലോ അവയവങ്ങളിലോ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം രൂപപ്പെടുന്ന ശാരീരിക, മാനസിക അവസ്ഥകളാണിത്. കാഴ്ചയിൽ ശാരീരികമായി പുരുഷനോ സ്ത്രീയോ ആയിരിക്കുമെങ്കിലും മനസുകൊണ്ട് എതിർലിംഗമായി അവർ ജീവിക്കുന്നു. ഈ ജൈവിക യാഥാർഥ്യത്തെയും അതുമൂലം സാമൂഹിക വിവേചനം അനുഭവിക്കുന്നവരെയുമാണ് 2026ലെ പുതിയ നിയമം പ്രധാനമായും അഭിസംബോധന ചെയ്യുന്നത്.
ലിംഗപദവി സ്വയം നിർണയമല്ല
സ്വയമായി അവകാശപ്പെടുന്ന ലൈംഗിക സ്വത്വങ്ങളെയും ഭിന്ന ലൈംഗിക ആഭിമുഖ്യമുള്ളവരെയും (Sexual orientations) ട്രാൻസ്ജെൻഡർ നിർവചനത്തിൽനിന്ന് ഈ ബിൽ വ്യക്തമായി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഒരാൾക്ക് സ്വന്തമായി തന്റെ ലിംഗപദവി നിശ്ചയിക്കാൻ ഉണ്ടായിരുന്ന മുൻ നിയമത്തിലെ അവകാശം പുതിയ ഭേദഗതിയിലൂടെ എടുത്തുകളഞ്ഞു. ഇത് ലിംഗപദവി എന്നതു കേവലം ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പല്ല എന്ന സന്ദേശമാണ് നൽകുന്നത്.
മെഡിക്കൽ ബോർഡും സുതാര്യതയും
ഈ ഭേദഗതി വഴി ലിംഗനിർണയത്തിനുള്ള അധികാരം ചീഫ് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു അഥോറിറ്റിക്ക് കൈമാറിയിരിക്കുന്നു. ലിംഗപദവി സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകുന്നതിനു മുന്പ് മെഡിക്കൽ ബോർഡിന്റെ ശിപാർശ ജില്ലാ മജിസ്ട്രേറ്റ് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ലിംഗപദവി എന്നത് ഒരു ഫാഷനോ അല്ലെങ്കിൽ സാമൂഹികമായ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനുള്ള കുറുക്കുവഴിയോ ആയി മാറുന്നത് തടയാൻ ഈ സുതാര്യത സഹായിക്കും.
അർഹതയില്ലാത്ത വ്യക്തികൾ ട്രാൻസ്ജെൻഡർ അവകാശവാദങ്ങൾവഴി സംവരണവും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കുന്നത് തടയാൻ മെഡിക്കൽ സർട്ടിഫിക്കേഷൻ അനിവാര്യമാണെന്ന് ബിൽ വ്യക്തമാക്കുന്നു. യഥാർഥത്തിൽ പാർശ്വവത്കരിക്കപ്പെട്ട ട്രാൻസ്ജെൻഡർ സമൂഹത്തിനു ലഭിക്കേണ്ട അവകാശങ്ങൾ അർഹതയില്ലാത്തവർ തട്ടിയെടുക്കാതിരിക്കാൻ ഈ വസ്തുനിഷ്ഠമായ പരിശോധന ഉപകരിക്കും.
സഭാ പ്രബോധനങ്ങളും ജൈവിക യാഥാർഥ്യങ്ങളും
ഈ നിയമ പരിഷ്കരണങ്ങളിലെ ചില ആശയങ്ങൾ കത്തോലിക്കാ സഭ കാലങ്ങളായി ഉയർത്തിപ്പിടിക്കുന്ന ധാർമിക നിലപാടുകളുമായി ചേർന്നുനിൽക്കുന്നവയാണ്. എന്നാൽ, ഇപ്പോൾ നിയമം അനുമതി നൽകുന്ന ലിംഗമാറ്റ ശസ്ത്രക്രിയ സഭാ പ്രബോധനങ്ങൾക്കു വിരുദ്ധമാണ്. "സ്ത്രീയും പുരുഷനുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു' (ഉല്പത്തി 1:27) എന്ന വചനത്തെ മുൻനിർത്തി, ലിംഗം എന്നത് പ്രകൃതിദത്തമായ ഒന്നാണെന്നും അത് കേവലം ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പല്ലെന്നും സഭ പഠിപ്പിക്കുന്നു. ലിംഗപദവിയെ കേവലം ഒരു സാമൂഹിക നിർമിതിയായി കാണുന്ന "ജെൻഡർ തിയറി'യെയും സഭ ശക്തമായി പ്രതിരോധിക്കുന്നു.
കത്തോലിക്കാ സഭയുടെ വിശ്വാസപ്രബോധന മന്ത്രാലയം 2024ൽ പുറപ്പെടുവിച്ച "അനന്ത മാഹാത്മ്യം' (Dignitas Infinita) എന്ന ദൈവശാസ്ത്ര പ്രഖ്യാപനം ഈ വിഷയത്തിൽ സഭയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം, ലിംഗമാറ്റ ശസ്ത്രക്രിയകളും ജൈവിക പ്രകൃതിയെ നിരാകരിക്കുന്ന ലിംഗനയങ്ങളും മനുഷ്യന്റെ അന്തസിനെ അപകീർത്തിപ്പെടുത്തുന്നവയാണ്. ലിംഗപദവി നിശ്ചയിക്കുന്നതിന് വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾ വേണമെന്ന ബില്ലിലെ നിർദേശം, ലിംഗവൈവിധ്യത്തെ കേവലം മാനസികമായ ഒരു തോന്നലോ അല്ലെങ്കിൽ തെരഞ്ഞെടുപ്പോ ആയി കാണാതെ അത് പ്രകൃതിയുമായും ശാസ്ത്രവുമായും ബന്ധപ്പെട്ടതാണെന്ന് ഊന്നിപ്പറയുന്നു.
സോഷ്യൽ മീഡിയ സ്വാധീനങ്ങളും ജാഗ്രതയും
ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നടക്കുന്ന അതിരുകടന്ന പ്രചാരണങ്ങൾ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ ലിംഗപദവിയെക്കുറിച്ച് വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും "ട്രെൻഡുകളുടെ' ഭാഗമായും സമപ്രായക്കാരിൽനിന്നുള്ള സമ്മർദം (Peer Pressure) മൂലവും തങ്ങളുടെ സ്വാഭാവികമായ ലിംഗസ്വത്വത്തെ സംശയിക്കുന്ന അവസ്ഥയിലേക്കു യുവതലമുറ നീങ്ങുന്നു. വ്യക്തിത്വ രൂപീകരണ ഘട്ടത്തിൽ എടുക്കുന്ന ഇത്തരം വൈകാരികമായ തീരുമാനങ്ങൾ പിൽക്കാലത്ത് വലിയ മാനസിക തകർച്ചയ്ക്കു കാരണമായേക്കാം.
ഈയൊരു പശ്ചാത്തലത്തിൽ, പുതിയ ബില്ലിലെ മെഡിക്കൽ പരിശോധനാ രീതികൾ അവിവേകപരമായ തീരുമാനങ്ങൾക്കെതിരേയുള്ള സുരക്ഷാ കവചമായി പ്രവർത്തിച്ചേക്കും. ഒരു വിദഗ്ധ സമിതിയുടെ പരിശോധന ആവശ്യമാണെന്നത് താത്കാലികമായ വികാരങ്ങളുടെ പുറത്ത് ലിംഗമാറ്റത്തിനു തുനിയുന്നവരെ നിരുത്സാഹപ്പെടുത്തും. ഇതു നമ്മുടെ കുടുംബബന്ധങ്ങളെയും യുവതലമുറയുടെ ആരോഗ്യകരമായ ഭാവിയെയും സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ്.
ചൂഷണവിരുദ്ധതയും കഠിന ശിക്ഷകളും
നിർബന്ധിതമായി ഒരാളെ ട്രാൻസ്ജെൻഡർ സ്വത്വം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന സംഘങ്ങൾക്കെതിരേയും അവരെ സാമ്പത്തികലാഭത്തിനായി ഉപയോഗിക്കുന്നവർക്കെതിരേയും ബില്ലിൽ നിർദേശിച്ചിട്ടുള്ള കർശനമായ ശിക്ഷാ നടപടികൾ ഏറെ സ്വാഗതാർഹമാണ്. ആരെയെങ്കിലും കടത്തിക്കൊണ്ടുപോയി ശസ്ത്രക്രിയകളിലൂടെയോ മരുന്നുകൾ നൽകിയോ നിർബന്ധിത ലിംഗമാറ്റം വരുത്തുന്നത് ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റമാണ്.
ഒരു വ്യക്തിയെ നിർബന്ധിച്ച് ട്രാൻസ്ജെൻഡർ വേഷം ധരിപ്പിക്കുന്നതും അവരെ ഭിക്ഷാടനത്തിനോ അടിമപ്പണിക്കോ ഉപയോഗിക്കുന്നതും അഞ്ചു വർഷം മുതൽ 14 വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പുതിയ ബിൽ പ്രഖ്യാപിക്കുന്നു. ഒരു വ്യക്തിയുടെ മൗലികമായ സ്വത്വത്തിന്മേൽ ആർക്കും അധിനിവേശം നടത്താൻ അവകാശമില്ലെന്ന് ഈ ഭേദഗതി ഉറപ്പുനൽകുന്നു.
സാമൂഹികക്രമം നിലനിർത്താൻ
ലിംഗപദവി എന്നത് അസ്ഥിരമായ ഒന്നല്ലെന്നും അത് പ്രകൃതിയുടെയും സൃഷ്ടിയുടെയും ഭാഗമാണെന്നുമുള്ള തിരിച്ചറിവിലേക്കു സമൂഹത്തെ നയിക്കാൻ ഇത്തരം നിയമനിർമാണങ്ങൾ സഹായിക്കും. ജൈവിക യാഥാർഥ്യങ്ങളെ തകർക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രപരമായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിലൂടെ സാമൂഹികക്രമം നിലനിർത്താൻ സാധിക്കും. ഓരോ മനുഷ്യനും അന്തസോടെ ജീവിക്കാനുള്ള അവകാശമുണ്ട്, എന്നാൽ ആ അന്തസ് പ്രകൃതിയുടെ നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ളതാകരുത്.
സമൂഹത്തെ തെറ്റായ ആശയപ്രചാരണങ്ങളിൽനിന്ന് സംരക്ഷിക്കാനും ലിംഗപദവിയെക്കുറിച്ചുള്ള അപകടകരമായ പ്രവണതകളെ നിരുത്സാഹപ്പെടുത്താനും ഈ നിയമം ഉപകരിക്കുമെന്നതിൽ സംശയമില്ല. ആധുനിക കാലഘട്ടത്തിലെ ധാർമിക ച്യുതികൾക്കെതിരേയുള്ള ഒരു പ്രതിരോധമായി ഈ നിയമപരിഷ്കരണത്തെ നമുക്കു കാണാം. ലിംഗനീതി എന്നത് ലിംഗഭേദങ്ങളെ ഇല്ലാതാക്കലല്ല; മറിച്ച് ഓരോ ലിംഗത്തിന്റെയും അന്തസിനെ അതിന്റെ സ്വാഭാവികതയിൽ അംഗീകരിക്കലാണെന്ന് ഈ നിയമപരിഷ്കരണം ഓർമിപ്പിക്കുന്നു.